അഫ്ഗാന്‍: വന്‍ യുദ്ധത്തിന് നാറ്റോ

Monday, February 8, 2010
കാബൂള്‍: അഫ്ഗാനിസ്താനില്‍ നാറ്റോ സൈന്യം താലിബാനെതിരെ കടുത്ത ആക്രമണം നടത്തുന്നു.  4,000 ബ്രിട്ടീഷ് സൈനികര്‍ ഇതിനായി കാബൂളിലെത്തി. കടുത്ത ആക്രമണത്തിന് ഒരുക്കങ്ങളാരംഭിച്ചതായി ബ്രിട്ടീഷ് പത്രം 'ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍, അഫ്ഗാന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തുക. അധിനിവേശ സൈന്യത്തിന് കടുത്ത തലവേദന സൃഷ്ടിച്ച താലിബാന്‍ അഫ്ഗാനില്‍ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
താലിബാന് ശക്തമായ സ്വാധീനമുള്ള ഹെല്‍മന്ദ് പ്രവിശ്യയിലായിരിക്കും ആക്രമണം. ഇതിനുള്ള തീയതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
അഫ്ഗാനില്‍ എട്ട് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണമായിരിക്കും ഇത്.
ആക്രമണം എളുപ്പമാവില്ലെന്നും കനത്ത ആള്‍നാശമുണ്ടാവുമെന്നും മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതായി 'ടൈംസ്' റിപ്പോര്‍ട്ട് വ്യക്തമാക്കി. യുദ്ധ വിമാനങ്ങള്‍, അപാചെ ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍, പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ എന്നിവയുടെ സഹായത്തോടെയായിരിക്കും ആക്രമണം. നാറ്റോ സൈന്യത്തോടൊപ്പം പ്രത്യേക സേനയും ആക്രമണത്തിനുണ്ടാവും. 
ഓപറേഷന്‍ മുഷ്താഖ് എന്നാണ് പുതിയ ആക്രമണത്തിന്റെ പേര്. ഇതിന്റെ വിശദാംശങ്ങള്‍ പോലും തയാറായതായും ഉടന്‍ ആക്രമണമുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പുതിയ യു.എസ് കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ആസൂത്രണം.
Share/Bookmark