ഒബാമക്കെതിരെ 'ചായ സല്‍ക്കാര കൂട്ടായ്മ'കള്‍

Monday, February 8, 2010
വാഷിങ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ പുതുതായി രൂപംകൊണ്ട 'ചായ സല്‍ക്കാര കൂട്ടായ്മ'യില്‍ റിപ്പബ്ലിക്കന്‍ നേതാവ് സാറാ പെയ്ലിനും.  1930കളില്‍ നികുതിനയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായ 'ചായ സല്‍ക്കാര കൂട്ടായ്മ'യുടെ പുതിയ വരവിനെ ഒബാമ സര്‍ക്കാറിനെതിരെ ഉപയോഗിക്കുന്നതിനാണ് സാറ രംഗത്തെത്തിയത്.
ഒബാമയുടെ ആരോഗ്യനയങ്ങള്‍ക്കും നികുതി പരിഷ്കരണ ഇടപെടലുകള്‍ക്കും സാമ്പത്തിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി അടുത്തകാലത്താണ് 'ചായ സല്‍ക്കാര കൂട്ടായ്മ' എന്ന പേരില്‍ സര്‍ക്കാര്‍ വിരുദ്ധര്‍ ഒത്തുചേര്‍ന്നത്. ഒബാമയുടെ വരവോടെ നിഷ്പ്രഭമായ റിപ്പബ്ലിക്കന്‍ കക്ഷികള്‍ 'ചായ സല്‍ക്കാര കൂട്ടായ്മ'യെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
അമേരിക്ക വീണ്ടുമൊരു വിപ്ലവത്തിന് തയാറെടുക്കുകയാണെന്ന് ടെന്നസിയില്‍ നടന്ന കൂട്ടായ്മയില്‍ സാറ പെയ്ലിന്‍ പറഞ്ഞു. സ്വന്തം വേരുകളില്‍നിന്ന് ഊര്‍ജം സംഭരിച്ച് ജനങ്ങള്‍ ഒബാമ സര്‍ക്കാറിനെതിരെ രംഗത്തുവന്നത് അഭിനന്ദനാര്‍ഹമാണെന്നും പരാജയപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ പെയ്ലിന്‍ പറഞ്ഞു. ഒബാമക്കെതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അവര്‍ അറിയിച്ചു.
ഒബാമ സര്‍ക്കാറിന്റെ ആരോഗ്യപദ്ധതിക്കെതിരായ പ്രതിഷേധത്തില്‍നിന്നാണ് കഴിഞ്ഞവര്‍ഷം 'ചായ സല്‍ക്കാര പ്രസ്ഥാനം' ശക്തമായത്. യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെ ശക്തമായ കൂട്ടായ്മയില്‍ അരാഷ്ട്രീയ സംഘടനകളും ബിസിനസുകാരുമാണ് മുന്‍നിരയിലുള്ളത്. ബോസ്റ്റണില്‍ ആരംഭിച്ച കൂട്ടായ്മ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. മൂന്നുദിവസത്തെ കൂട്ടായ്മകള്‍ വന്‍ ഹോട്ടലുകളിലാണ് നടക്കുന്നത്. പ്രവേശനഫീസ് വാങ്ങിയാണ് പരിപാടികളുടെ നടത്തിപ്പ്. 1930കളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ പുതിയ സാഹചര്യത്തില്‍ ഉപയോഗിക്കുകയാണ് തങ്ങളെന്നാണ് കൂട്ടായ്മയുടെ സംഘാടകര്‍ പറയുന്നത്. സാറ പെയ്ലിന്റെ വരവോടെ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരസ്യമായ കൂട്ടായ്മക്കൊപ്പം നീങ്ങുകയാണെന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. വന്‍കിട ചാനലുകളും മാധ്യമങ്ങളും വമ്പിച്ച പ്രാധാന്യമാണ് ഈ കൂട്ടായ്മക്ക് നല്‍കുന്നത്.
Share/Bookmark