ഗ്രാമീണ ഡോക്ടര്‍മാര്‍: കേന്ദ്രം തീരുമാനമെടുത്തെങ്കിലും കേരള നിലപാടില്‍ മാറ്റമില്ല

Monday, February 8, 2010
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിര്‍ദേശിക്കപ്പെട്ട പുതിയ കോഴ്സ് ആരംഭിക്കുന്നതിന് ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ശില്‍പശാല തീരുമാനിച്ചെങ്കിലും കേരള നിലപാടില്‍ മാറ്റമില്ല. കേരള ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരുടെ ക്ഷാമമില്ലെന്നും സംസ്ഥാനത്ത് ഇത്തരം കോഴ്സ് അനുയോജ്യമല്ലെന്നുമാണ് കേരളം തീരുമാനിച്ചത്. ഇക്കാര്യം ന്യൂദല്‍ഹിയില്‍ നടന്ന യോഗത്തില്‍ അറിയിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളില്‍ മൂന്നര വര്‍ഷ ബി. ആര്‍. എം. എസ് ( ബാച്ചലര്‍ ഓഫ് റൂറര്‍ മെഡിസിന്‍ ആന്റ് സര്‍ജറി ) കോഴ്സ് നടത്താനാണ് നേരത്തെ മെഡിക്കല്‍ കൌണ്‍സില്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ ദല്‍ഹിയില്‍ നടന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെയും വൈസ് ചാന്‍സലര്‍മാരുടെയും ശില്‍പശാല കോഴ്സിന്റെ പേര് ബി. ആര്‍. എച്ച്. സി. ( ബാച്ചലര്‍ ഓഫ് റൂറല്‍ ഹെല്‍ത്ത് കെയര്‍) എന്നാക്കി. മൂന്നര വര്‍ഷ പഠനവും ആറ് മാസത്തെ ഇന്റേണ്‍ഷിപ്പുമടക്കം നാല് വര്‍ഷമായിരിക്കും കോഴ്സ് കാലാവധി.
രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം അനുഭവപ്പെടുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ ശിപാര്‍ശയോടെ ഗ്രാമ ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ശില്‍പശാലയില്‍ സിലബസും അംഗീകരിച്ചു.  വൃക്ക മാറ്റിവെയ്ക്കല്‍, റേഡിയോളജി, ആഞ്ജിയോഗ്രാഫി, എം. ആര്‍. ഐ തുടങ്ങിയവ സിലബസില്‍ ഉണ്ടാകില്ല. ശസ്ത്രക്രിയക്ക് അനുമതിയുണ്ടെങ്കിലും എല്ലാ രോഗങ്ങള്‍ക്കും പറ്റില്ല. ഗ്രാമീണതലത്തില്‍ രോഗികളെ ചികില്‍സിക്കാന്‍ ഗ്രാമത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട് പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെ നിയോഗിക്കുകയാണ്  ലക്ഷ്യമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ തൊട്ടടുത്ത നഗരത്തിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം.
രാജ്യത്തെ 604 ജില്ലകളില്‍ 300ല്‍ മാത്രമാണ് മെഡിക്കല്‍ കോളജുകളുള്ളത്. ഒട്ടാകെ 34000 എം. ബി. ബി. എസ് സീറ്റുകളില്‍ പതിനായിരവും വിവിധ ക്വാട്ടകളില്‍ ഉള്‍പ്പെടുത്തി നല്‍കുന്നു. നഗര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായുള്ള മല്‍സരത്തില്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പിന്തള്ളപ്പെടുന്നതായും മെഡിക്കല്‍ കൌണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ഓരോ ജില്ലയില്‍ നിന്നും 25 വീതം വിദ്യാര്‍ഥികളെ ഡോക്ടര്‍മാരാക്കാനാണ് മെഡിക്കല്‍ കൌണ്‍സില്‍ ആലോചിക്കുന്നത്. 150 കിടക്കകളില്‍ കൂടുതലുള്ള ജില്ലാ ആശുപത്രികളെ മെഡിക്കല്‍ സ്കൂളുകളാക്കും. എന്നാല്‍ ഇവരുടെ ഉപരിപഠനം, അധ്യാപകര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നിലവില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. ബിരുദം നേടുന്നവര്‍ക്ക് ഗ്രാമ പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കും ജോലി ചെയ്യാന്‍ കഴിയുക. മെഡിക്കല്‍ കൌണ്‍സില്‍ വാര്‍ഷിക സര്‍ട്ടിഫിക്കറ്റായിരിക്കും ഇവര്‍ക്ക് നല്‍കുക. ഓരോ വര്‍ഷവും സര്‍ട്ടിഫിക്കറ്റ് പുതുക്കണം. അഞ്ച് വര്‍ഷമെങ്കിലും ഗ്രാമങ്ങളില്‍ ജോലി ചെയ്യണമെന്ന നിബന്ധനയുണ്ടാകും. അതിന് ശേഷം എന്ത് എന്ന കാര്യത്തിലും എം. ബി. ബി. എസുകാര്‍ക്കൊപ്പം ഉപരിപഠനം നടത്താന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ട്. 
ഇതിനിടെ, പശ്ചിമ ബംഗാളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് തുടങ്ങാന്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.  'ഡിപ്ലോമ ഇന്‍ മെഡിസില്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് കെയര്‍' എന്നതായിരിക്കും കോഴ്സ്. പ്രതിപക്ഷത്തിന്റെയും ഡോക്ടര്‍മാരുടെയും കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് അവിടെ ബില്ല് പാസാക്കിയത്.
Share/Bookmark