മാധ്യമങ്ങള്‍ക്ക് കച്ചവട താല്‍പര്യം വര്‍ധിക്കുന്നു -മൃണാല്‍ പാണ്ഡെ

Monday, February 8, 2010
കോഴിക്കോട്: മാധ്യമങ്ങള്‍ക്ക്  കച്ചവട താല്‍പര്യങ്ങള്‍ ഈയിടെയായി വര്‍ധിച്ചുവരികയാണെന്ന് പ്രസാര്‍ഭാരതി ചെയര്‍പേഴ്സണ്‍ മൃണാള്‍ പാണ്ഡെ. കാലിക്കറ്റ് പ്രസിക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തികച്ചും വില്‍പന വസ്തു എന്ന നിലക്കാണ് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പണത്തിനുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഓരോ പത്രത്തിന്റെയും പത്രാധിപ സമിതി ഇതിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കണം.
ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രമുഖ പത്രങ്ങളുടെ വരുമാനം കുറയുന്ന സാഹചര്യമാണുള്ളത്. ഇന്റര്‍നെറ്റ് ആണ് അവിടെ പത്രങ്ങള്‍ക്ക് ഭീഷണിയായി വന്നിരിക്കുന്നത്.
ദൂരദര്‍ശന്‍, ആകാശവാണി നിലയങ്ങളെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ (ബി.ബി.സി) നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മൃണാള്‍ പാണ്ഡെ പറഞ്ഞു. അടുത്ത ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കും.
പ്രസാര്‍ഭാരതിയുടെ പ്രസക്തി വര്‍ധിച്ചവരികയാണ്. സത്യസന്ധമായ വാര്‍ത്ത ലഭിക്കാന്‍ ദൂരദര്‍ശനെയും  ആകാശവാണിയെയും ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ 99 ശതമാനം പേരും ആകാശവാണിയെ ശ്രദ്ധിക്കുന്നവരാണ്. 80 ശതമാനം പേര്‍ ദൂരദര്‍ശനും ശ്രദ്ധിക്കുന്നുണ്ട്.
ദൂരദര്‍ശന്‍ കോഴിക്കോട് നിലയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അവര്‍ പറഞ്ഞു.
Share/Bookmark