റണ്‍മല തീര്‍ത്ത്് ആംല
Monday, February 8, 2010
ആംല താരമായ ദിനം ദക്ഷിണാഫ്രിക്ക മേല്‍ക്കൈ നേടിയപ്പോള്‍ സ്റ്റാര്‍ ഓള്‍റൌണ്ടര്‍ ജാക് കാലിസിന് കരിയറിലെ കന്നി ഇരട്ടശതകം നാഗ്പൂരിലും കൈയെത്തിപ്പിടിക്കാനാവാതെ പോയത് ശ്രദ്ധേയമായി. രണ്ടു വിക്കറ്റിന് 291 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ഇന്നിങ്സ് പുനരാരംഭിക്കുമ്പോള്‍ കാലിസ് 159ഉം ആംല 115ഉം റണ്‍സുമായാണ് ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍, 33 തവണ കരിയറില്‍ നൂറുതികച്ചിട്ടും ഒരുതവണപോലും ഇരുനൂറിലേക്കെത്താന്‍ കഴിയാതെപോയ കാലിസിന് 34ാം അവസരത്തിലും അതുതന്നെയായിരുന്നു ഫലം. 200 മനസ്സില്‍കണ്ട് ആക്രമിച്ചുകളിക്കാന്‍ മുതിരാതെ തീര്‍ത്തും പ്രതിരോധത്തിലാണ്ട കാലിസ് ആദ്യസെഷനില്‍ എട്ടോവര്‍ പിന്നിട്ടശേഷമാണ് ഇന്നലെ തന്റെ ആദ്യറണ്‍സെടുത്തത്. തലേന്ന് തച്ചുതകര്‍ത്ത് മുന്നേറിയ പ്രതിഭാധനന്‍ ഇന്നലെ 61 പന്ത് നേരിട്ട് 14 റണ്‍സ് മാത്രം ഇന്നിങ്സിനോട് കൂട്ടിച്ചേര്‍ത്ത് നിരാശയോടെ കളംവിട്ടു. 351 പന്തില്‍ 15 ഫോറും രണ്ടു സിക്സുമടക്കം 173ലെത്തിയ കാലിസിനെ നന്നായി കറങ്ങിത്തിരിച്ച പന്തില്‍ ഹര്‍ഭജന്‍ വീഴ്ത്തി. ഷോര്‍ട്ട് ലെഗില്‍ മുരളി വിജയിന് ക്യാച്ച്. തൊട്ടുമുമ്പത്തെ ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ ഉറച്ച എല്‍.ബി.ഡബ്ല്യു അപ്പീലില്‍നിന്ന് രക്ഷപ്പെട്ട കാലിസിന് അതു മുതലെടുക്കാനായില്ല. മറുവശത്ത് ആംല ഉറച്ചുതന്നെയായിരുന്നു. കാലിസിനൊപ്പം 340 റണ്‍സിന്റെ റെക്കോഡ് കുട്ടുകെട്ട് പടുത്തുയര്‍ത്തിയ ആംല അബ്രഹാം ഡിവില്ലിയേഴ്സിനൊപ്പം (53) നാലാം വിക്കറ്റില്‍ 108 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. പിച്ചില്‍നിന്ന് നല്ല സഹായം കിട്ടിയിട്ടും ആംലയുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ആതിഥേയ സ്പിന്നര്‍മാരായ ഹര്‍ഭജനും മിശ്രക്കും കഴിഞ്ഞില്ല. 46 ഓവര്‍ എറിഞ്ഞ ഹര്‍ഭജന്റെ ക്രെഡിറ്റില്‍ ഒരു മെയ്ഡന്‍ മാത്രമുള്ളപ്പോള്‍ 53 ഓവര്‍ എറിഞ്ഞ മിശ്രക്ക് സ്പിന്നിനെതിരെ മുട്ടിടിച്ച് ശീലമുള്ള ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റുപോലും കീശയിലാക്കാനായില്ല. വ്യക്തിഗത സ്കോര്‍ 149ല്‍ നില്‍ക്കെ ഹര്‍ഭജന്‍സിങ്ങിന്റെ ഒരോവറില്‍ ആംല നല്‍കിയ അവസരങ്ങള്‍ വിജയിനും ധോണിക്കും കൈയിലൊതുക്കാനായില്ല. 11 മണിക്കൂറോളം ക്രീസില്‍നിന്ന് 473 പന്ത് നേരിട്ട ആംല 50ന് മുകളില്‍ സ്ട്രൈക്ക്റേറ്റും പുലര്‍ത്താന്‍ ശ്രമിച്ചു. ഇന്ത്യയെ കുഴക്കിയ മാരത്തോണ്‍ ഇന്നിങ്സില്‍ ചേതോഹരങ്ങളായ 22 ബൌണ്ടറികള്‍ പിറന്നു. പന്ത് ഉയര്‍ത്തിയടിച്ച് കളിക്കാന്‍ ശ്രമിക്കാതെ ഗ്രൌണ്ട്സ്ട്രോക്കുകളില്‍ ശ്രദ്ധവെച്ച ആംല അതിശയകരമായ മനസ്സാന്നിധ്യമാണ് കാഴ്ചവെച്ചത്. വലിയ അധ്വാനമോ ബഹളമോ ഇല്ലാതെ ഫീല്‍ഡിലെ വിടവുകളിലൂടെ അതിര്‍വര തേടിയ പന്തുകള്‍ കോര്‍ത്തിണക്കിയ ശാന്തമായ ഇന്നിങ്സായിരുന്നു ആംലയുടെ വില്ലോക്കഷണത്തില്‍നിന്ന് പിറവികൊണ്ടത്. ഇന്ത്യയില്‍ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവുമുയര്‍ന്ന സ്കോര്‍ കണ്ടെത്തിയാണ് ആംല തല്‍ക്കാലത്തേക്ക് ബാറ്റിങ് നിറുത്തിയത്. കാലിസ് വീണശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്സും ആംലക്ക് മികച്ച പിന്തുണ നല്‍കി. മൂന്നു വര്‍ഷംമുമ്പ് അഹ്മദാബാദില്‍ ഇരട്ടശതകം നേടിയ ഡിവില്ലിയേഴ്സിനെ തുടക്കത്തിലേ തിരിച്ചയക്കാനുള്ള ആതിഥേയ നീക്കം പൂവണിഞ്ഞില്ല. സ്കോര്‍ 450 കടത്തിയശേഷം റണ്ണൊഴുക്ക് കുട്ടാനുള്ള ഡിവില്ലിയേഴ്സിന്റെ ശ്രമം പോയന്റില്‍ ബദരീനാഥിന്റെ കൈകളിലൊതുങ്ങിയതോടെ 88 പന്തില്‍ അഞ്ചു ബൌണ്ടറി പിറന്ന ഇന്നിങ്സിന് വിരാമമായി. പിന്നീടെത്തിയ ജീന്‍ പോള്‍ ഡ്യുമിനിക്ക് (9) സമീപകാല ഫോമില്ലായ്മയില്‍നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ആംലയും മാര്‍ക് ബൌച്ചറും (75 പന്തില്‍ 39) ചേര്‍ന്ന് റണ്‍റേറ്റുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സഹീര്‍ ഖാന്റെ സ്ലോബാളില്‍ മിശ്രക്ക് പിടികൊടുത്ത് ബൌച്ചര്‍ മടങ്ങി. ഇതോടെ തന്ത്രത്തില്‍ ദക്ഷിണാഫ്രിക്ക ഉടനടി മാറ്റം വരുത്തി. ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്കോറിലേക്ക് 24 റണ്‍സ് മാത്രം പിന്നിലായിരുന്ന ആംലക്ക് ട്രിപ്പിള്‍ സെഞ്ച്വറി തികക്കാനും അവസരമുണ്ടായില്ല. സ്റ്റംപെടുക്കാന്‍ 15 മിനിറ്റ് ശേഷിക്കേ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ ഗ്രേയം സ്മിത്ത് പൊടുന്നനെ തീരുമാനിക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സ് സ്മിത്ത് ബി സഹീര്‍ 6 പ്രിന്‍സ് സി ധോണി ബി സഹീര്‍ 0 ആംല നോട്ടൌട്ട് 253 കാലിസ് സി വിജയ് ബി ഹര്‍ഭജന്‍ 173 ഡിവില്ലിയേഴ്സ് സി ബദരീനാഥ് ബി സെവാഗ് 53 ഡ്യുമിനി എല്‍.ബി.ഡബ്ല്യു ബി ഹര്‍ഭജന്‍ 9 ബൌച്ചര്‍ സി മിശ്ര ബി സഹീര്‍ 39 സ്റ്റെയ്ന്‍ നോട്ടൌട്ട് 0 എക്സ്ട്രാസ് 25 ആകെ (176 ഓവറില്‍ ആറു വിക്കറ്റിന് ഡിക്ലയേര്‍ഡ്) 558. വിക്കറ്റ് വീഴ്ച: 1/5, 2/6, 3/346/, 4/454, 5/476, 6/554 ബൌളിങ്: സഹീര്‍ഖാന്‍ 31^7^96^3 ഇശാന്ത് ശര്‍മ 28^4^85^0 ഹര്‍ഭജന്‍ സിങ് 46^1^166^2 അമിത് മിശ്ര 53^5^140^0 സെവാഗ് 18^1^55^1 ഇന്ത്യ ഒന്നാമിന്നിങ്സ് ഗംഭീര്‍ നോട്ടൌട്ട് 12 സെവാഗ് നോട്ടൌട്ട് 9 എക്സ്ട്രാസ് 4 ആകെ (നാലോവറില്‍ വിക്കറ്റുപോവാതെ) 25. ബൌളിങ്: സ്റ്റെയ്ന്‍ 2^0^8^0 മോര്‍ക്കല്‍ 2^0^13^0 |
പുതിയ വാര്‍ത്തകള്‍
No items found..
|