ലോഫ്ലോര്‍ ബസുകള്‍ക്കായി കമ്പനിക്ക് ശിപാര്‍ശ
Monday, February 8, 2010
സര്‍ക്കാറിന് 51 ശതമാനവും കെ. എസ്. ആര്‍. ടി സിക്ക് 49 ശതമാനവും പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാനാണ് ശിപാര്‍ശ. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കെ. എസ്. ആര്‍. ടി. സിയിലെ സി. ഐ. ടി. യു യൂണിയന്‍ അടക്കമുള്ള സംഘടനകള്‍. ലോഫ്ലോര്‍ ബസുകള്‍ ഇപ്പോള്‍ നടത്തുന്നത് കെ. എസ്. ആര്‍. ടി. സിയാണ്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും എ. സി ബസുകളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് 160 ഉം കൊച്ചിയില്‍ 200 ഉം ബസുകളാണ് അനുവദിച്ചിട്ടുള്ളത്. എ. സിക്ക് പുറമെ സെമി സ്ലീപ്പര്‍ ബസുകളടക്കം വൈകാതെ റൂട്ടുകളിലെത്തും. ഇതേസമയം, ഇപ്പോള്‍ നടത്തുന്ന സര്‍വീസുകള്‍ നഷ്ടത്തിലുമാണ്. സമയം ക്രമീകരിക്കാത്തതും റൂട്ട് ക്ലിപ്തപ്പെടുത്താത്തതുമാണ് നഷ്ടത്തിന് കാരണമായി പറയുന്നത്. ഇതിനിടെയാണ് ലോഫ്ലോര്‍ ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നതും പ്രത്യേക കമ്പനി രൂപവത്കരിക്കാന്‍ ശിപാര്‍ശ നല്‍കിയതും. 51 ശതമാനം സര്‍ക്കാര്‍ ഓഹരിയില്‍ പത്ത് ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ക്ക് നല്‍കാനും ആലോചിക്കുന്നു. ഇതേസമയം, പ്രത്യേക കമ്പനി രൂപവത്കരിച്ച് അതിന് കീഴില്‍ ലോഫ്ലോര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനെ എതിര്‍ക്കുമെന്ന് കെ. എസ്. ആര്‍. ടി. സിയിലെ തൊഴിലാളി സംഘടനകള്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ നിന്ന് കെ. എസ്. ആര്‍. ടി. സിയെ ഒഴിവാക്കുന്ന നടപടിയായിരിക്കും ഇത്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ അവിടത്തെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് ലോഫ്ലോര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക കമ്പനി രൂപവത്കരിക്കാനുള്ള ശിപാര്‍ശക്ക് മന്ത്രിസഭയുടെ അംഗീകാരം കിട്ടാനിടയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. |
പുതിയ വാര്‍ത്തകള്‍ |