സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി 1,335 മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുമതി

Monday, February 8, 2010
കോഴിക്കോട്: സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വനം വകുപ്പ് ആയിരത്തിലധികം മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുമതി (എന്‍.ഒ.സി) നല്‍കി. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വനനശീകരണത്തിന് ആക്കം കൂട്ടുന്ന ഈ നടപടി.
2002 ഒക്ടോബര്‍ 30നാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മരമില്ലുകളും പ്ലൈവുഡ് വ്യവസായ യൂനിറ്റുകളും മറ്റ് മരാധിഷ്ഠിത വ്യവസായങ്ങളും അടച്ചുപൂട്ടണമെന്നും കോടതി നിയമിക്കുന്ന കേന്ദ്ര ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെ അവ തുടങ്ങാനോ ഇതുസംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളില്‍ അയവുവരുത്താനോ പാടില്ലെന്നുമുള്ള വിധി. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിലവിലുള്ള എല്ലാ കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും വിധിയില്‍ അസാധുവാക്കിയിരുന്നു.
എന്നാല്‍ വിധിവന്ന 2002 ഒക്ടോബര്‍ 30 നും  കഴിഞ്ഞ ഡിസംബര്‍ 4 നും ഇടയില്‍ കേരളത്തില്‍ 1,335 മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് വനംവകുപ്പ് പലപ്പോഴായി എന്‍.ഒ.സി നല്‍കിയത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ടി.എം. മനോഹരന്‍ വനംവകുപ്പിന്റെ വിവിധ ഓഫീസുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് കടുത്ത കോടതി അലക്ഷ്യ നടപടിക്കിടയാക്കാവുന്ന നീക്കങ്ങളുടെ വെളിപ്പെടുത്തല്‍. കോടതിവിധിക്ക് മുമ്പായി സംസ്ഥാനത്ത് മൊത്തം 779 മരാധിഷ്ടിത വ്യസായങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നെന്നും വിധിക്ക് ശേഷം ഈര്‍ച്ചമില്ലുകളല്ലാത്ത  858 ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റുകള്‍ക്കും, റബര്‍മരം ഉപയോഗിച്ചുള്ള  152 വ്യവസായങ്ങള്‍ക്കും, എല്ലാ മരങ്ങളും ഉപയോഗിച്ചുള്ള 322 വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ അനുസരിച്ചുള്ള  മൂന്ന് യൂനിറ്റുകള്‍ക്കും അനുമതി നല്‍കിയെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
കോടതിവിധി ലംഘിച്ചുകൊണ്ടുള്ള നടപടികളെ കുറിച്ച് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ബോധവാന്മാരാണെന്നുള്ളതാണ് ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ചും കള്ളക്കളികളെക്കുറിച്ചും സൂചന നല്‍കുന്ന പ്രധാന വസ്തുത. 2007 ആഗസ്റ്റ് നാലിന് സ്പെഷല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനവത്കരണം) രാജരാജവര്‍മ ഒപ്പിട്ട സര്‍ക്കുലറില്‍ സുപ്രീം കോടതി വിധിക്ക് വിപരീതമായി വനംവകുപ്പ് 2002 ന് ശേഷവും പുതിയതായി തടിയധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്‍.ഒ.സി നല്‍കിയിട്ടുള്ളതായി സമ്മതിക്കുന്നുണ്ട്്. ഇത്തരം നടപടികള്‍ ഗുരുതരമായ കുറ്റമാണെന്നും ഇങ്ങനെ നല്‍കിയ അനുമതികള്‍ ഉടന്‍ റദ്ദാക്കി കോടതി വിധി കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്
2006 ഫെബ്രുവരി 21 ന് ചേര്‍ന്ന കേന്ദ്ര ഉന്നതാധികാര സമിതിയോഗത്തിലും കേരളത്തില്‍ മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുന്ന കാര്യത്തില്‍ കൃത്യമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള വ്യവസായ യൂനിറ്റുകള്‍ക്ക് ആവശ്യമായ  അളവിനേക്കാള്‍ കൂടുതലാണ് തടിയുടെ ലഭ്യതയെങ്കില്‍ മാത്രമേ പുതിയ വ്യവസായങ്ങള്‍ക്ക് എന്‍.ഒ.സി  നല്‍കാനാവൂ എന്നാണ് നിയമം. സംസ്ഥാന വനംവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വര്‍ഷത്തില്‍ 2.6 ക്യുബിക് മീറ്റര്‍ തടിമാത്രമാണ് മിച്ചം വരുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതാകട്ടെ ഒരു ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് പോലും തികയുകയുമില്ല.
ഇത്തരം വസ്തുതകള്‍ നിലവിലിരിക്കെയാണ് വനം വകുപ്പ് വേലിതന്നെ വിളവ് തിന്നുന്ന നടപടികളുമായി  മുന്നോട്ടുപോകുന്നത്. അതേ സമയം 2001 ന് ശേഷം സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ തടിയുടെ ലഭ്യതയെ കുറിച്ച് ഒരുതരത്തിലുള്ള പഠനവും നടത്തിയിട്ടില്ലെന്ന് തൃശൂരിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്.

രാധാകൃഷ്ണന്‍ തിരൂര്‍
Share/Bookmark

പുതിയ വാര്‍ത്തകള്‍

No items found..