സൈലന്റ്വാലി ബഫര്‍സോണില്‍ കേന്ദ്രഫണ്ടില്‍ പാലം നിര്‍മാണം
Monday, February 8, 2010
നേരത്തെ നിലമ്പൂര്‍ സൌത് ഫോറസ്റ്റ് ഡിവിഷനിലെ കാളികാവ് റെയ്ഞ്ചിന് കീഴിലായിരുന്നു ആര്‍ത്തല. നിക്ഷിപ്ത വനത്തില്‍ ഉള്‍പ്പെട്ട കണ്ണത്ത് മലവാരത്തിന്റെ ഭാഗമാണിത്. വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ശിപാര്‍ശ ചെയ്ത ഐറ്റം നമ്പര്‍ രണ്ടില്‍ ഉള്‍പ്പെട്ടതാണിത്. 2007 സെപ്റ്റംബര്‍ 27നാണ് കാളികാവ് റെയ്ഞ്ചിന്റെ ഭാഗമായ കണ്ണത്ത്, ചേറുമ്പ്, കോയിപ്ര മലവാരങ്ങള്‍ സൈലന്റ്വാലി ദേശീയോധ്യാനത്തില്‍ ചേര്‍ത്ത് ബഫര്‍സോണിലാക്കിയത്. കണ്ണത്ത് മലവാരത്തില്‍ ഉള്‍പ്പെട്ട കല്‍ക്കുണ്ട് അട്ടി മുതല്‍ മഞ്ഞളാംചോല വരെയാണ് വനം അന്യാധീനമായികിടക്കുന്നത്. ഇതുസംബന്ധിച്ച് രണ്ട് കേസുകളില്‍ 1976ല്‍ പാലക്കാട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ സര്‍ക്കാറിനനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. വിധിക്കെതിരെ മുന്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് 1978ല്‍ ഹൈ കോടതി ഡിവിഷന്‍ ബെഞ്ച് കല്‍ക്കുണ്ട് ആര്‍ത്തലയിലെ 60 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വനംവകുപ്പ് നടപടിയൊന്നുമെടുത്തില്ല. ഉദ്യോഗസ്ഥ അലംഭാവം മുതലെടുത്ത് മുന്‍ കൈവശക്കാര്‍ സ്ഥലം പലര്‍ക്കായി മുറിച്ചുവിറ്റു. ഇപ്പോള്‍ 14 പേരുടെ കൈവശത്തിലുള്ള വനപ്രദേശം പൂര്‍ണമായും സൈലന്റ്വാലി ബഫര്‍സോണിലാണ്. വനംവകുപ്പ് നിര്‍ദേശപ്രകാരം കൈയേറ്റക്കാരില്‍നിന്ന് 1996 മുതല്‍ റവന്യുവകുപ്പ് നികുതിയെടുക്കുന്നില്ല. കൈയേറ്റക്കാര്‍ ഇവിടേക്ക് മണ്‍പാത വെട്ടുകയും വൈദ്യുതിലൈന്‍ വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍നിന്ന് റോഡിന് കൃത്രിമരേഖ ഉണ്ടാക്കി. ഇത്വെച്ചാണ് കൈയേറ്റത്തിന് നിയമസാധുത ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തില്‍ കേന്ദ്രഫണ്ടില്‍ കൈയേറ്റക്കാര്‍ റോഡിന് അനുമതി സമ്പാദിച്ചത്. മലപ്പുറം ജില്ലയില്‍ പി.എം.ജി.എസ്.വൈ ആറാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് സി.ടി എസ്റ്റേറ്റ് മുതല്‍ ആര്‍ത്തല വരെയുള്ള റോഡിന്റെ നിര്‍മാണം. മൊത്തം 1.800 മീറ്റര്‍ റോഡും ഒലിപ്പുഴക്ക് കുറുകെ പാലവുമാണ് പദ്ധതിയില്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രവൃത്തി ടെണ്ടര്‍ ചെയ്തത്. കേരള സ്റ്റേറ്റ് റോഡ് വികസന ഏജന്‍സിയാണ് (കെ.എസ്.ആര്‍.ഡി.എ) നിര്‍വഹണ ഏജന്‍സി. നിര്‍ദിഷ്ട പാലവും തുടര്‍ന്നുവരുന്ന 300 മീറ്റര്‍ റോഡുമാണ് കൈയേറ്റഭൂമിയിലുള്ളത്. മൂന്ന് സ്പാനുകളിലായി 16.80 മീറ്റര്‍ നീളവും ഒന്‍പത് മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ തൂണുകളുടെ നിര്‍മാണം കഴിഞ്ഞു. ഇപ്പോള്‍ സ്പാനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പുഴയരികിലെ കൂറ്റന്‍ പാറ കരാറുകാരന്‍ സ്ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിക്കുന്നുണ്ട്. വനഭൂമി മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കി റോഡിന്റെ പ്രാരംഭജോലികളും ആരംഭിച്ചു. സൈലന്റ്വാലി റെയ്ഞ്ചിന്റെ പരിധിയിലാണ് ആര്‍ത്തല. കയേറ്റസ്ഥലത്തിന്റെ അതിരിലായി ബഫര്‍സോണിന്റെ ചുമതലയുള്ള വനപാലകര്‍ക്ക് പ്രത്യേകം ഔട്ട്പോസ്റ്റുണ്ട്. നിര്‍മാണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ല. ഗ്രാമപഞ്ചായത്ത് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഫണ്ടിന് ശിപാര്‍ശ ചെയ്തതെന്നും വനംകൈയേറ്റത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും പി.എം.ജി.എസ്.വൈ പദ്ധതിയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എ. മുഹമ്മദ് അറിയിച്ചു. റോഡ് നിര്‍മാണത്തെകുറിച്ച് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ റെയ്ഞ്ച് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. ശിവദാസ് മാധ്യമത്തോട് പറഞ്ഞു. കെ.പി.യാസിര്‍ |