സ്പാനിഷ് ലീഗ്: റയലിനും ബാഴ്സക്കും ജയം

Monday, February 8, 2010
മാഡ്രിഡ്: മൂന്നു മാസത്തിനിടെ സുപ്പര്‍ താരം കക്കാ ആദ്യമായി വല കുലുക്കിയ കളിയില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് എസ്പാന്‍യോളിനെ കശക്കിയ റയല്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് അഞ്ചുപോയന്റ് പിന്നിലാണിപ്പോള്‍. ഒരു മണിക്കൂറിലേറെ പത്തുപേരുമായി കളിച്ച ബാഴ്സലോണ 2^1ന് ഗെറ്റാഫെയെ മറികടന്നു.
സ്വന്തം ഗ്രൌണ്ടില്‍ തുടര്‍ച്ചയായ 11ാം മല്‍സരത്തിലാണ് റയല്‍ ജയിച്ചുകയറിയത്. സസ്പെന്‍ഷന്‍  കാരണം മുന്‍ ലോക ഫുട്ബാളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തിരുന്ന കളിയില്‍ സെര്‍ജിയോ റാമോസ്, കക്കാ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരാണ് ആതിഥേയര്‍ക്കുവേണ്ടി വല കുലുക്കിയത്. അഞ്ചാം മിനിറ്റില്‍ എസ്തബാന്‍ ഗ്രനേറോയുടെ ക്രോസില്‍ ഹെഡറുതിര്‍ത്താണ് റാമോസ് ടീമിനെ മുന്നിലെത്തിച്ചത്. കളി അരമണിക്കൂറാകവേ ക്യാപ്റ്റന്‍ റൌള്‍ ഗോണ്‍സാലസിന്റെ നീക്കം എതിര്‍ഗോളി തടഞ്ഞിട്ടപ്പോള്‍ റീബൌണ്ടില്‍ കക്കാ ലീഡുയര്‍ത്തുകയായിരുന്നു. നവംബറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സ്കോര്‍ ചെയ്ത ശേഷം കക്കാ നേടുന്ന ആദ്യ ഗോളാണിത്. രണ്ടാം പകുതിയില്‍ ബ്രസീല്‍ താരം ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് പോസ്റ്റില്‍തട്ടി മടങ്ങി. അവസാനമിനിറ്റിലാണ് ഹിഗ്വെയ്ന്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
നൂകാംപിലെ സ്വന്തം മൈതാനത്ത് ബാഴ്സക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു. ചുകപ്പുകാര്‍ഡ് കണ്ടതിനാല്‍ ജെറാര്‍ഡ് പിക്വെ മടങ്ങിയതോടെ അവസാന 65 മിനിറ്റ് പത്തുപേരുമായാണ് ബാഴ്സ പൊരുതിനിന്നത്. അഞ്ചാം മിനിറ്റില്‍ ലോക ഫുട്ബാളര്‍ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളിലാണ് ബാഴ്സ ലീഡെടുത്തത്. 16 ഗോളുമായി ലീഗില്‍ ടോപ്സ്കോറര്‍ സ്ഥാനത്താണ് അര്‍ജന്റീനക്കാരന്‍. പിക്വെ പുറത്തായശേഷം പ്രതിരോധം ശക്തമാക്കി പിടിച്ചുനിന്ന ബാഴ്സ 66ാം മിനിറ്റില്‍ ലീഡുയര്‍ത്തി. മെസ്സി ഒരുക്കിക്കൊടുത്ത അവസരത്തില്‍ ജാവി ഹെര്‍ണാണ്ടസായിരുന്നു സ്കോറര്‍. സന്ദര്‍ശകര്‍ക്കുവേണ്ടി റോബര്‍ട്ടോ സൊള്‍ഡാഡോയാണ് പെനാല്‍റ്റി കിക്കില്‍നിന്ന് അവസാനമിനിറ്റില്‍ ഗെറ്റാഫെയുടെ ഗോള്‍ നേടിയത്. ഇതിനു കാരണമായ ഫൌളിന് ചുകപ്പുകാര്‍ഡ് കണ്ട് റാഫേല്‍ മാര്‍ക്വേസും പുറത്തായതോടെ ഒമ്പതുപേരുമായാണ് ബാഴ്സ കളി അവസാനിപ്പിച്ചത്. പരിക്കുകാരണം ഏറെക്കാലം പുറത്തിരുന്ന ബാഴ്സയുടെ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മിലിറ്റോ സീസണില്‍ ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളത്തിലിറങ്ങി.
വായ്യഡോളിഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് മറികടന്ന വലന്‍സിയ മുന്നാം സ്ഥാനത്ത് തുടരുന്നു.
Share/Bookmark