സ്മാര്‍ട്ട് സിറ്റി: അട്ടിമറിക്കാന്‍ രാഷ്ട്രീയ നീക്കം നടന്നു -വി.എസ്

Monday, February 8, 2010
ന്യൂദല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതി അട്ടിമറിക്കാന്‍ കേരളത്തിനകത്തും പുറത്തും നിന്ന് ആസൂത്രിത നീക്കം നടന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ചില നേതാക്കളും അവരുടെ മക്കളും ഇതില്‍ പങ്കാളികളായിട്ടുണ്ട്. അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ ടീകോമിന്റെ കൈവശം പണിമില്ലെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ വിദേശവാണിജ്യ മന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസ്മിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
കേരളത്തില്‍ വികസനം വരുന്നത് നിരുല്‍സാഹപ്പെടുത്താന്‍ ശ്രമം നടന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ടാണ് സ്മാര്‍ട്ട് സിറ്റിക്കെതിരെ ഇവിടെയും പുറത്തുമൊക്കെ നീക്കം നടന്നത്്. അതിനു ശ്രമിച്ചവര്‍ ആരൊക്കെയെന്നും മനസ്സിലാക്കിയിട്ടുണ്ട്.
ഇന്‍ഫോ പാര്‍ക്ക് സഹിതം ടീകോമിനു നല്‍കിയുള്ള ഒരു കരാര്‍ ഒപ്പിടാനായിരുന്നു മുന്‍ ഭരണ കാലത്ത് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. എന്നാല്‍, ഭാഗ്യംകൊണ്ട് ഇലക്ഷന്‍ പ്രഖ്യാപനം വന്നു. അതിനാല്‍, അവരുടെ നീക്കം വിജയിച്ചില്ല.
നിരവധി സ്ഥാപനങ്ങള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മാതൃകയില്‍ സര്‍ക്കാറിനെ തേടി വന്നതാണ്. ടീകോം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തയാറാണെങ്കില്‍ സര്‍ക്കാറും അതിനൊരുക്കമാണ്. ടീകോമിന് പ്രത്യാശയുണ്ടെങ്കില്‍ അങ്ങനെയാകട്ടെ.
സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ജനങ്ങളുടെ മനസ്സുകളില്‍ നിന്ന് പറിച്ചു മാറ്റാനാവില്ല. അഞ്ചു വര്‍ഷം ഈ സര്‍ക്കാര്‍ ഭരിക്കും. അതുകഴിഞ്ഞ് എന്തു വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. വൈകാതെ യു.എ.ഇ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ മന്ത്രി ശൈഖ ലുബ്ന ഔദ്യോഗികമായി ഇന്നലെ തന്നെ ക്ഷണിച്ചിട്ടുണ്ട്. തന്റെ സന്ദര്‍ശനം കഴിഞ്ഞാല്‍ അവര്‍ കേരളത്തില്‍ വരാമെന്നും പറഞ്ഞിട്ടുണ്ട്.
ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫിലേക്കുള്ള മുഖ്യമന്ത്രി എന്ന നിലക്കുള്ള സന്ദര്‍ശനം മാറ്റിവെച്ചതെന്നും വി.എസ് വിശദീകരിച്ചു.
Share/Bookmark